ചിക്കൻ -1 കപ്പ്
ഉരുളക്കിഴങ്ങ് -1 വലുത്
സവാള -1 എണ്ണം
പച്ചമുളക് -2 എണ്ണം
വെളുത്തുള്ളി -2 ടേബിൾ സ്പൂൺ
കാപ്സിക്കം -1/2 കപ്പ്
മല്ലിയില -ഒരു പിടി
ചെറിയ ജീരകം പൊടി -1/2 ടീസ്പൂൺ
മുളകുപൊടി -1/2 ടീസ്പൂൺ
കശ്മീരി മുളക്പൊടി -1/2 ടീസ്പൂൺ
ഗരം മസാല പൊടി -1/2 ടീസ്പൂൺ
ടൊമാറ്റോ സോസ് -2 ടേബിൾ സ്പൂൺ
മയോനൈസ് -2 ടേബിൾ സ്പൂൺ
ചീസ് സ്ലൈസ് -ആവശ്യത്തിന്
ഗോതമ്പുപൊടി /മൈദ -1 1/2 കപ്പ്
മഞ്ഞൾപൊടി -ഒരു നുള്ള്
മുട്ടയുടെ വെള്ള -1 മുട്ട
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്നത്
ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വേവിച്ചെടുത്ത ചിക്കൻ എല്ലില്ലാതെ പിച്ചിയെടുത്ത് മാറ്റിവെക്കുക. ഉരുളക്കിഴങ്ങ് അല്പം ഉപ്പ് ചേർത്ത് വേവിച്ച് നന്നായി ഉടച്ചെടുത്ത് മാറ്റിവെക്കുക. ഗോതമ്പുപൊടിയിലേക്ക് ഓരോ നുള്ള് മഞ്ഞൾപൊടിയും ഗരം മസാല പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കട്ടയില്ലാതെ കലക്കി കനം കുറഞ്ഞ ദോശകളായി ചുട്ടെടുത്ത് മാറ്റിവെക്കുക.
ഫില്ലിങ് തയാറാക്കാൻ ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഗോൾഡൻ കളർ ആകുന്നതു വരെ മൂപ്പിക്കുക. വെളുത്തുള്ളി നിറം മാറി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ പച്ചമുളകും സവാളയും കാപ്സികവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
ശേഷം തീ കുറച്ചുവെച്ച് മസാല പൊടികൾ ഓരോന്നായി ചേർത്ത് വഴറ്റുക. പൊടികളുടെ പച്ചമണം മാറിവരുമ്പോൾ മാറ്റിവെച്ച ഉരുളകിഴങ്ങും ചിക്കനും ഓരോന്നായി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ടൊമാറ്റോ സോസും മയോനൈസും ചേർത്ത് നന്നായി യോജിപ്പിച്ച് ചെറുതായി അരിഞ്ഞെടുത്ത മല്ലിയില കൂടി ചേർത്താൽ ഫില്ലിങ് റെഡി.
ചുട്ടെടുത്ത ദോശയുടെ അരികു ഭാഗത്തുനിന്നും നടുഭാഗം വരെ മാത്രം കത്തികൊണ്ട് വരഞ്ഞുമുറിക്കുക. ദോശയുടെ വരഞ്ഞെടുത്ത ഭാഗത്തുനിന്നും ചെറിയ ത്രികോണാകൃതിയിൽ ഫില്ലിങ് പരത്തി വെച്ച്, ആ ഭാഗം ഫില്ലിങ് ഇല്ലാത്ത ഭാഗത്തേക്ക് ത്രികോണാകൃതിയിൽ തന്നെ മടക്കി ഒരു ചീസ് സ്ലൈസ് ആവശ്യംപോലെ മുറിച്ച് അതിനു മുകളിൽ വെച്ച് ദോശയുടെ ബാക്കിവരുന്ന ഭാഗം ചീസിന് മുകളിലേക്ക് മടക്കി അരിക് വിടവില്ലാതെ ഒപ്പമാക്കുക (ആവശ്യമെങ്കിൽ മൈദ കലക്കി ഒട്ടിക്കാം).
ഒരു പാൻ ചൂടാക്കി അല്പം എണ്ണ പുരട്ടി മടക്കിയെടുത്ത ഫില്ലിങ് നിറച്ച ദോശ നന്നായി പതപ്പിച്ചെടുത്ത മുട്ടയുടെ വെള്ളയിൽ മുക്കി കുറഞ്ഞ തീയിൽ ചെറുതായി പൊരിച്ചെടുക്കുക. അടിപൊളി ചീസി.. സോസി.. ചിക്കൻ ചീസ് മടക്ക് തയാർ.