ചേരുവകൾ
പർവൽ – 250 ഗ്രാം
പഞ്ചസാര – 1 1/2 കപ്പ്
പിസ്ത – 10 എണ്ണം
ബദാം – 10
ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂൺ
പാൽ– 2 ടീസ്പൂൺ
പാൽപ്പൊടി – 2 ടേബിൾസ്പൂൺ
മാവ/ഖോയ – 1 കപ്പ്
സോഡാപ്പൊടി
കുങ്കുമപ്പൂവ്
തയാറാക്കുന്ന വിധം
പർവൽ നന്നായി കഴുകി, തൊലി കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക. രണ്ട് രീതിയിൽ മുറിക്കാം. ഒന്നു വേവിച്ചതിനു ശേഷം, അല്ലെങ്കിൽ അതിനു മുൻപ്. നമുക്ക് കുക്ക് ചെയ്യുന്നതിനു മുൻപ് തന്നെ മുറിച്ചേക്കാം. പർവലിൽ നീളത്തിൽ വരഞ്ഞ ശേഷം അകത്തെ വിത്തുകൾ കളയുക. ഈ സ്ഥലത്താണ് ഫില്ലിംഗ് വയ്ക്കേണ്ടത്. നീളത്തിൽ കീറിയ പർവൽ തിളയ്ക്കുന്ന വെള്ളത്തിൽ ഇടുക. ഒപ്പം അൽപ്പം സോഡാപ്പൊടി കൂടി ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പർവലിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടില്ല. ഇതൊരു 3,4 മിനിറ്റ് വേവിക്കണം. ശേഷം വെള്ളത്തിൽ നിന്ന് പുറത്തെടുത്തു തണുക്കാൻ വയ്ക്കാം. നല്ല ഭംഗിയുള്ള പച്ച നിറമായിരിക്കും ഇപ്പോൾ പർവലിനുണ്ടാവുക.
ഒരു പാനിലേക്കു പഞ്ചസാര, വെള്ളം എന്നിവ ചേർത്തു തിളപ്പിക്കുക. അതിലേക്കു വേവിച്ചു തണുപ്പിച്ചു വച്ച പർവൽ ഇട്ടുകൊടുക്കണം. ഇനി ഏകദേശം 12 മിനിറ്റോളം നന്നായി വേവിക്കണം. പഞ്ചസാര മുഴുവൻ പർവൽ വലിച്ചെടുക്കും. അതുവരെ കുക്ക് ചെയ്യുക. അതിനു ശേഷമാണ് ഫില്ലിങ് നിറയ്ക്കേണ്ടത്.
ഫില്ലിങ് തയാറാക്കുന്ന വിധം
ഒരു പാനിൽ മാവ അല്ലെങ്കില്‍ ഖോയ ചെറിയ ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക. തീ ഓഫ് ചെയ്ത ശേഷം പാൽപ്പൊടി, ചെറുതായി അരിഞ്ഞ നട്സ്, പിസ്ത, ഏലയ്ക്കപ്പൊടി, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് ഇളക്കുക. ചൂട് മാറും മുൻപേ അര കപ്പ് പൊടിച്ച പഞ്ചസാര കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഓരോ പർവലിന്റെയും അകത്ത് നിറക്കുക. നല്ല വെറൈറ്റി മധുരം റെഡി.